കണ്ണൂർ: ആന്തൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.
ഇവിടെ സ്ഥാനാർഥികളായി നിശ്ചയിച്ചവരെ സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയി. അതിനാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയാതെ പോയത്. ജില്ലാ കളക്ടർ സിപിഎമ്മിനെ സഹായിക്കുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
അതേസമയം നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ കണ്ണൂരിൽ ഒമ്പതു വാർഡുകളിൽ എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം പഞ്ചായത്തിലെ 12-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നൽകിയ പത്രിക തള്ളി.
പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. കണ്ണപുരം പഞ്ചായത്തിലെ മൂന്ന്, പത്ത് വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളും തള്ളി.